

കൊല്ലം: കരുനാഗപ്പള്ളി മെഴുവേലിയിൽ വാടകവീട് കേന്ദ്രീകരിച്ച് നടത്തിവന്ന ലഹരിവിൽപന കേന്ദ്രം കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് തകർത്തു. പരിശോധനയിൽ 15 ഗ്രാം എംഡിഎംഎയും (MDMA) 1.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. കുലശേഖരപുരം സ്വദേശി അനസിന്റെ വാടകവീട്ടിലായിരുന്നു റെയ്ഡ്.
ലഹരിമരുന്നിന് പുറമെ വീടിനുള്ളിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു തുടങ്ങിയ മാരകായുധങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. എക്സൈസ് ഉദ്യോഗസ്ഥർ എളുപ്പത്തിൽ വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജർമൻ ഷെപേർഡ്, ലാബ്രഡോർ, റോട്ട്വീലർ തുടങ്ങിയ നായകളെ വീടിന് ചുറ്റും കാവലിന് നിർത്തിയിരുന്നു. നായകളെ കെട്ടിയിരുന്ന ഷീറ്റിനടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് സംഘം എത്തുമ്പോഴേക്കും പ്രതി അനസ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു. ജില്ലയിലെ പ്രധാന ലഹരി വിതരണക്കാരിലൊരാളാണ് ഇയാളെന്നാണ് സൂചന. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.