

കറുകച്ചാൽ: കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിൽ ആശ്രമംപടിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മംഗലാപുരം സൂരത്കൽ സ്വദേശി മുഹമ്മദ് ഷെമി (28) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരനാണ് ഷെമി. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പകൽ 3.45-ഓടെയായിരുന്നു അപകടം. പത്തനംതിട്ടയിൽ ഒരു ഔദ്യോഗിക ആവശ്യത്തിനായി പോയി മടങ്ങി വരികയായിരുന്നു സംഘം. ആശ്രമംപടി ഭാഗത്ത് വെച്ച് നിയന്ത്രണംവിട്ട കാർ റോഡരികിലെ 15 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. മറിഞ്ഞ വാഹനത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഷെമിയെ ഉടൻ തന്നെ മന്ദിരത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് നാലുപേരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.