
ഇന്ന് കർക്കടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തും. ഈ ദിവസം ബലി ഇട്ടാൽ പിതൃക്കൾക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. മരിച്ചുപോയ പൂർവ്വികർക്കുള്ള 'ബലി' ചടങ്ങ് ആ വ്യക്തി മരിച്ച 'നക്ഷത്ര'ത്തിലോ അന്നത്തെ നക്ഷത്രത്തിലോ ആചരിക്കപ്പെടുന്നു. എന്നാൽ 'കർക്കടക' മാസത്തിലെ 'കറുത്തവാവ്' ദിനത്തിൽ നടത്തുന്ന 'ബലി' കൂടുതൽ ശുഭകരമാണെന്നും മരിച്ചവരുടെ ആത്മാക്കൾ ഈ ദിവസം ശാന്തമാകുമെന്നും വിശ്വസിക്കപ്പെടുന്നു.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ബലതർപ്പണ ചടങ്ങുകൾ നടക്കും. ആലുവ ശിവ ക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, മലപ്പുറം തിരുനാവായാ നാവാ മുകുന്ദക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.
കർക്കടക വാവുബലി തർപ്പണത്തിന് സ്നാനഘട്ടങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങി - വർക്കല പാപനാശം കടപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ 2.30 മുതൽ ആരംഭിച്ചു. പ്രധാനമായി ദേവസ്വം ബോർഡ് ബലിമണ്ഡപത്തിലും കൂടാതെ, ഭക്തജന ബാഹുല്യം കണക്കാക്കി തീരത്ത് 500 പേർക്കായി പ്രത്യേകമായി തയാറാക്കുന്ന പന്തലിലുമായി ചടങ്ങുകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമേ തീരത്ത് ബലിത്തറകൾ ഒരുക്കി ചടങ്ങുകൾ നടത്താൻ അനുമതി നൽകി നൂറോളം പരികർമികളെയും നിയോഗിച്ചിട്ടുണ്ട്. ഒരേസമയം പതിനായിരങ്ങളാണ് ഇന്ന് പുലർച്ചെ മുതൽ തീരത്തെത്തി ചടങ്ങുകളിൽ പങ്കുകൊള്ളുന്നത്.
കർക്കടക വാവിനു ശിവഗിരി മഠത്തിലും ബലിതർപ്പണത്തിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. മഠത്തിലെ സന്യാസി ശ്രേഷ്ഠരാണ് ബലിതർപ്പണത്തിന് നേതൃത്വം നൽകുന്നത്.
ചിറയിൻകീഴ്: അഴൂർ ഭഗവതിക്ഷേത്രത്തിലെ കർക്കടക വാവുബലിയും തിലഹോമവും പുലർച്ചെ നാലു മുതൽ അഴൂർ ആറാട്ടുകടവിൽ ക്ഷേത്രാചാരവിധി പ്രകാരം ആരംഭിച്ചു. പിതൃതർപ്പണ ചടങ്ങുകൾക്കും തിലഹോമത്തിനും ക്ഷേത്രമേൽശാന്തി രാജേഷ്പോറ്റിയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്.
കല്ലമ്പലം: പിതൃദേവ ചാരിറ്റബിൾ ട്രസ്റ്റ് കർക്കടക വാവ് ബലിയോടനുബന്ധിച്ച് പേരേറ്റിൽ കോളൂർ നാഗർ കാവിൽ പിതൃതർപ്പണം തിലഹവനം എന്നിവ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും.