തലശേരി: വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണങ്ങൾക്കും നടുവിൽ തലശേരി നഗരസഭയുടെ പുതിയ ചെയർമാനായി സിപിഎം നേതാവ് കാരായി ചന്ദ്രശേഖരൻ തിരഞ്ഞെടുക്കപ്പെട്ടു. 53 അംഗ കൗൺസിലിൽ 32 വോട്ടുകൾ നേടിയാണ് കാരായി ചന്ദ്രശേഖരൻ വിജയിച്ചത്.(Karayi Chandrasekharan becomes the Chairman of Thalassery Municipality)
ആകെ ഹാജരായ 52 കൗൺസിലർമാരിൽ 32 പേർ കാരായിയെ പിന്തുണച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി ഭരണം നിലനിർത്തിയത്. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ പിഴവുകൾ മൂലം അസാധുവായി. ബാലം വാർഡിലെ എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബിജെപി പ്രതിനിധിയായ പ്രശാന്ത് ക്രിമിനൽ കേസിൽ ജയിലിൽ ആയതിനാൽ വോട്ടെടുപ്പിന് എത്തിയില്ല.
എൻഡിഎഫ് പ്രവർത്തകൻ ഫസൽ വധക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയാണ് കാരായി ചന്ദ്രശേഖരൻ. 2015-ൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും കോടതിയുടെ നിയന്ത്രണങ്ങൾ മൂലം അന്ന് രാജിവെക്കേണ്ടി വന്നിരുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതോടെയാണ് അദ്ദേഹം വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തെത്തിയതും അധികാരമേറ്റതും. ബിജെപി പ്രതിനിധി പ്രശാന്ത് വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിലാണ്. സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 10 ബിജെപി പ്രവർത്തകരിൽ ഒരാളാണ് ഇയാൾ.