
‘കാന്താര’ സിനിമയുടെ രണ്ടാം ഭാഗമായ 'കാന്താര- ചാപ്റ്റർ 1' ന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കലക്‌ഷനിൽ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയത്.
വിതരണക്കാർ ഇതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്. ചിത്രം ഒക്ടോബർ 2 ന് ആഗോളതലത്തില്‍ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലിഷ്, ബംഗാളി ഭാഷകളിൽ ആരാധകർക്ക് മുന്നിലേക്ക് എത്താനിരിക്കേയാണ് ഫിയോക്ക് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് 2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര’ ബോക്‌സ് ഓഫിസ് ഹിറ്റ് ചിത്രമായിരുന്നു. ‘കെജിഎഫ്’, ‘കാന്താര’, ‘സലാര്‍’ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ‘കാന്താര ചാപ്റ്റര്‍ 1’-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് ‘കാന്താര: ചാപ്റ്റര്‍ 1’-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാനാകുക.