കോഴിക്കോട് : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് പങ്കുവച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അദ്ദേഹം സമൂഹ മാധ്യമത്തിലൂടെയാണ് യെമൻ കോടതിയുടെ വിധിപ്പകർപ്പ് പങ്കുവച്ചത്.(Kanthapuram AP Aboobacker Musliyar on Nimisha Priya's case)
ഇതിനായി പ്രവർത്തിച്ച, പ്രാർത്ഥിച്ച എല്ലാവർക്കും അള്ളാഹുവിൻ്റെ കരുണാകടാക്ഷം ഉണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധിപ്പകർപ്പിൽ ഉള്ളത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വധശിക്ഷ നിർത്തിവച്ചിരിക്കുന്നുവെന്നാണ്. എന്നാൽ, ഇനി ഇത് എന്നാണ് പരിഗണിക്കുന്നതെന്ന് അറിയിപ്പിൽ ഇല്ല.
സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് അദ്ദേഹം രംഗത്തെത്തി. മനുഷ്യനെന്ന നിലയിലാണ് വിഷയത്തിൽ ഇടപെട്ടതെന്നും, മനുഷ്യന് വേണ്ടി ഇടപെടണമെന്നാണ് അവിടുത്തെ മതപണ്ഡിതന്മാരോട് ആവശ്യപ്പെട്ടതെന്നും കാന്തപുരം വ്യക്തമാക്കി. ചാണ്ടി ഉമ്മൻ ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും, വിഷയത്തിൽ തുടർന്നും ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും, യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ ആ രാജ്യത്തെ മുഴുവൻ പേരും സ്വീകരിക്കുന്നവരാണ് എന്നാണ് കാന്തപുരം പറഞ്ഞത്. നിമിഷയുടെ വധശിക്ഷ നീട്ടിവച്ച സംഭവത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ തീർച്ചയായും വളരെ നിർണായകമായ ഒരു നാഴികക്കല്ല് തന്നെയാണ്.