ബലമായി ലൈംഗികാതിക്രമം: കണ്ണൂരിലെ സ്ത്രീയുടേത് കൊലപാതകം, ആക്രി പെറുക്കി ജീവിക്കുന്നയാൾ അറസ്റ്റിൽ | Murder

പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന പ്രതി ബുധനാഴ്ച ഉച്ചയോടെ പോലീസിന്റെ പിടിയിലായപ്പോൾ മാത്രമാണ് സ്ത്രീ കൊല്ലപ്പെട്ടത് അറിഞ്ഞത്
ബലമായി ലൈംഗികാതിക്രമം: കണ്ണൂരിലെ സ്ത്രീയുടേത് കൊലപാതകം, ആക്രി പെറുക്കി ജീവിക്കുന്നയാൾ അറസ്റ്റിൽ | Murder
Published on

കണ്ണൂർ: കടവരാന്തയിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുറ്റിപ്പുറം സ്വദേശിയും കണ്ണൂർ നഗരത്തിൽ ആക്രി പെറുക്കി ജീവിക്കുന്നയാളുമായ ശശികുമാറിനെ (52) ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സമാജ്‌വാദി നഗറിലെ 50-കാരിയെയാണ് ചൊവ്വാഴ്ച രാവിലെ പാറക്കണ്ടി ബെവറജസ് ഔട്ട്‌ലെറ്റിന് പുറകുവശത്തുള്ള കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.(Kannur woman murdered, man arrested)

ലൈംഗികാതിക്രമ ശ്രമത്തിനിടെ സ്ത്രീയുടെ തല തറയിലിടിച്ചാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. തലയുടെ പുറകുവശത്തുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബലംപ്രയോഗിച്ചുള്ള പീഡനശ്രമം നടന്നതായും തെളിഞ്ഞിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ, ദൃക്‌സാക്ഷി മൊഴി, ശാസ്ത്രീയ അന്വേഷണം എന്നിവയാണ് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.

മരിച്ച സ്ത്രീയും നഗരത്തിൽ ആക്രി പെറുക്കി ജീവിക്കുന്നയാളാണ്. കഴിഞ്ഞ 20 വർഷമായി ശശികുമാർ കണ്ണൂരിലുണ്ട്. ഭാര്യയും മക്കളും നാട്ടിലുണ്ടെന്നാണ് വിവരം. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്.ഐ.മാരായ വി.വി. ദീപ്തി, കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ക്വാഡ് അംഗങ്ങളായ നാസർ, ബൈജു, ഷാജി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

മദ്യലഹരിയിൽ പ്രതി നടന്നകന്നു

രാത്രി വൈകിയും ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് കണ്ട തമിഴ്‌നാട് സ്വദേശിയുടെ മൊഴിയാണ് പ്രതിയിലേക്ക് വേഗത്തിലെത്താൻ കാരണമായത്. ബലംപ്രയോഗിച്ചുള്ള ലൈംഗികാതിക്രമത്തിനിടെ സ്ത്രീ തലയിടിച്ച് തറയിൽ വീഴുകയായിരുന്നു. തലയുടെ പുറകുവശം മുറിഞ്ഞ് രക്തം വാർന്നു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് മരണം സംഭവിച്ചത് മനസ്സിലായില്ല.

പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന പ്രതി ബുധനാഴ്ച ഉച്ചയോടെ പോലീസിന്റെ പിടിയിലായപ്പോൾ മാത്രമാണ് സ്ത്രീ കൊല്ലപ്പെട്ടത് അറിഞ്ഞത്. ഇരുവരും വർഷങ്ങളായി നഗരത്തിലെ കടവരാന്തകളിലാണ് താമസിച്ചിരുന്നത്. ഇയാൾക്ക് മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്ന് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com