
റാസല്‍ഖൈമ: അവധിയാഘോഷിക്കാനായി റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ സായന്ത് മധുമ്മലിനെയാണ് (32) ജെബല്‍ ജെയ്‌സ് മലമുകളില്‍ നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്.
പൊതുഅവധിദിനമായ തിങ്കളാഴ്ച അതിരാവിലെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാതായതോടെ കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കള്‍. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.