

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് താഴേക്ക് ചാടിയ കൂട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠപുരം കാഞ്ഞിലേരി സ്വദേശി പുതുപ്പള്ളിഞ്ഞാലിൽ ടോം തോംസൺ (40) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ടോം തോംസണിന്റെ പിതാവ് തോമസ് ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിലെ ഏഴാം നിലയിൽ ചികിത്സയിലാണ്. പിതാവിനെ പരിചരിക്കാനാണ് ടോം ആശുപത്രിയിലെത്തിയത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ടോം ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും ശാന്തനാക്കാൻ ശ്രമിച്ചതോടെ ഇയാൾ പുറത്തേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഏഴാം നിലയിലെ ഗോവണിക്കടുത്തുള്ള ജനലിലൂടെ പുറത്തിറങ്ങി നിന്നു.
വിവരമറിഞ്ഞ് 1.15-ഓടെ പയ്യന്നൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ ടോമിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, താഴെ സുരക്ഷാവല വിരിച്ച് അപകടം ഒഴിവാക്കാനും നീക്കം നടത്തി. എന്നാൽ, അഗ്നിരക്ഷാസേനയുടെ ശ്രമങ്ങൾക്കിടെ ഏഴാം നിലയിൽ നിന്ന് ആറാം നിലയിലെ സ്ലാപ്പിലേക്ക് ഇറങ്ങിയ ടോം, വലയില്ലാത്ത ഭാഗത്തേക്ക് മാറി താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.10-ഓടെ മരണം സംഭവിക്കുകയായിരുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജ്യോഷി മോളാണ് ഭാര്യ. ആഷിക്, അയോൺ എന്നിവർ മക്കളാണ്.