

കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഒരേദിവസം ആത്മഹത്യ ചെയ്ത നിലയിൽ. നിമിഷ നിവാസിൽ ഇ. കിഷൻ (20), മുത്തശ്ശി വി.കെ. റെജി, റെജിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷൻ പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച കിഷനെയാണ് ആദ്യം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിഷന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കിഷന്റെ മൃതദേഹം കൊണ്ടുപോയതിന് പിന്നാലെ പോലീസ് സംഘം വീണ്ടും വീട്ടിലെത്തിയപ്പോഴാണ് റെജിയെയും റോജയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിഷന്റെ മരണത്തിൽ മനംനൊന്താണ് ഇരുവരും ഈ കടുംകൈ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കിഷനും മുത്തശ്ശിയും അവരുടെ സഹോദരിയും മാത്രമായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ കിഷനെതിരെ അടുത്തിടെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇതിലുണ്ടായ മാനസികവിഷമമാകാണം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യം വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്പ് ലൈനിൽ വിളിക്കൂ: 1056, 0471-2552056.