കണ്ണൂര്‍ ജില്ലാ ആശുപത്രി ഉദ്ഘാടനം: പി.പി. ദിവ്യയെ ക്ഷണിക്കാതെ സർക്കാർ; ആശംസയറിയിച്ച് പി.പി. ദിവ്യ | P.P. Divya

പദ്ധതി നടപ്പിലായതിന്റെ സന്തോഷം പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.പി. ദിവ്യ രംഗത്തെത്തി.
P.P. Divya
Published on

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രി ഉദ്ഘാടനപരിപാടിയിലേക്ക് പി.പി. ദിവ്യയെ ക്ഷണിക്കാതെ സർക്കാർ(P.P. Divya). എന്നാൽ പദ്ധതി നടപ്പിലായതിന്റെ സന്തോഷം പങ്കുവച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.പി. ദിവ്യ രംഗത്തെത്തി.

ആശുപത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെങ്കിലും നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പി.പി. ദിവ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് കണ്ണൂര്‍ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനാണ് തന്നെ ആദ്യം വിളിച്ചതെന്നും അതിൽ നന്ദിയുണ്ടെന്നും പറഞ്ഞാണ് പി.പി. ദിവ്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പി.പി. ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഈ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കില്ലെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഘട്ടത്തില്‍ ഈ പദ്ധതിയുടെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ സന്തോഷം..

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കളുടെ പ്രത്യേക താത്പര്യ പ്രകാരമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് 70 കോടി രൂപ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടത്തിയായി അനുവദിക്കുന്നത്.. കെ. കെ ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിരവധിതവണ റിവ്യൂ മീറ്റിംഗ് നടത്താനും ആദ്യഘട്ടത്തിലെ എല്ലാ പ്രതിസന്ധികളും മറികടക്കാനും ടീച്ചറുടെ ഇടപെടല്‍ സഹായിച്ചിട്ടുണ്ട്....

കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് കണ്ണൂര്‍ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന്‍ അവര്‍കളുടെ ഇടപെടല്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 800 പേര്‍ ഒപിയില്‍ വന്നിടത്ത് ഇന്ന് ദിവസേന 3500 പേര്‍ ചികിത്സക്കായി എത്തി ചേരുന്നു.... കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും കരുതലില്‍ മികച്ച ചികിത്സ സൗകര്യങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സജ്ജമാണ്...

സ്വകാര്യ ആശുപത്രിയിലെ ഭീമമായ ചികിത്സാ ചിലവില്‍ നിന്നും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ് ജില്ലാ ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന ചികിത്സ... കൂടുതല്‍പേര്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ സാധ്യമാവട്ടെ... ഇന്ന് രാവിലെ ആദ്യത്തെ കാള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെതായിരുന്നു... നമ്മുടെ സ്വപ്ന പദ്ധതി യഥാര്‍ത്ഥ്യ മാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ മറക്കാതെ ഓര്‍ത്തു വിളിച്ചതിന് പ്രത്യേകം നന്ദി സര്‍...

Related Stories

No stories found.
Times Kerala
timeskerala.com