ആലപ്പുഴ : വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദർശനത്തിനായി ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെത്തിച്ചു.പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ഇവിടെ എത്തിച്ചത്.
ഭൗതികദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മാറ്റിയ ശേഷം, തൃവർണ്ണ പതാക പുതപ്പിച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ജനപ്രതിനിധികൾ വിഎസിന് അന്തിമോപചാരമർപ്പിച്ചു. മഴയത്തും നിലയ്ക്കാത്ത ജനപ്രവാഹമാണ് വി എസിനെ കാണാന്‍.
പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംസ്കാരം വൈകും.
പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന, പോരാട്ടങ്ങളുടെ പ്രതീകമായ ഒരു നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനപ്രവാഹം ഇപ്പോഴും തുടരുകയാണ്.