പാലക്കാട്: കഞ്ചിക്കോട് വാഹനാപകടത്തിൽ അധ്യാപിക മരിച്ചത് മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് സംശയം. സിസിടിവി ക്യാമറയിൽ മറ്റൊരു വാഹനം ഇടിക്കുന്നത് കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ദൂരെ നിന്നുള്ള സിസിടിവി പരിശോധിച്ചതില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി ദൃശ്യങ്ങള്‍ ലഭിച്ചില്ല. യുവതി ഓടിച്ച ഇരുചക്ര വാഹനത്തിൻ്റെ അമിത വേഗതയാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്‍റെ നിഗമനം.
കോയമ്പത്തൂര്‍ എജെകെ കോളജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ സ്വദേശിനി ആന്‍സിയാണ് രാവിലെ നടന്ന അപകടത്തില്‍ മരിച്ചത്.പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.ആന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ സര്‍വീസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തില്‍ അധ്യാപികയായ ആന്‍സിയുടെ കൈ മുട്ടിനു താഴെയാണ് അറ്റുപോയത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴി വാളയാറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പാലക്കാട് കൈകുത്തിപറമ്പ് സ്വദേശി വിപിന്റെ ഭാര്യയാണ് 36 കാരിയായ ആന്‍സി.