കാണാമിനി കായലും കരയും നിലയ്ക്കാതെ...;'കുട്ടനാടന്‍ കായല്‍ സഫാരി' നവംബറോടെ

കാണാമിനി കായലും കരയും  നിലയ്ക്കാതെ...;'കുട്ടനാടന്‍ കായല്‍ സഫാരി' നവംബറോടെ
Published on

കുട്ടനാടിന്റെ കായല്‍ സൗന്ദര്യവും രുചിവൈവിധ്യങ്ങളും സാംസ്‌കാരികത്തനിമയും ലോകമെമ്പാടുമുള്ള വിനോദസാഞ്ചാരികളുടെ പ്രിയതരമായ അനുഭവമാക്കി മാറ്റാന്‍ ജലഗതാഗതവകുപ്പ് വിഭാവനം ചെയ്ത 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം പദ്ധതി നവംബറിനകം യാഥാര്‍ത്ഥ്യമാകും. പദ്ധതിയുടെ ഭാഗമായി പാതിരാമണല്‍ ദ്വീപില്‍ നിര്‍മ്മിക്കുന്ന ആംഫി തിയറ്ററിന്റെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കും. പ്രകൃതിസൗഹൃദ, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളായ പുല്ല്, മുള എന്നിവ ഉപയോഗിച്ചാണ് തിയറ്റര്‍ നിര്‍മ്മാണം. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നു നടപ്പാക്കുന്ന വ്യത്യസ്തമായ ഈ ടൂറിസം പദ്ധതി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആശയമാണ് 'കുട്ടനാട് സഫാരി' എന്ന പേരില്‍ ബജറ്റ് ടൂറിസം യാത്രയായി പരിണമിച്ചത്. ജലഗതാഗതവകുപ്പിന്റെ പുതിയ സൗര-1 സൗരോര്‍ജ യാത്രബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 10ന് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്ന് തുടങ്ങുന്ന യാത്ര ആദ്യം എത്തിച്ചേരുക പുന്നമടയിലെ ജലരാജാക്കന്‍മാരായ ചുണ്ടന്‍വള്ളങ്ങള്‍ കുതിച്ച് പായുന്ന

നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റിലാണ്. തുടര്‍ന്ന് അഴീക്കല്‍ കനാലിലൂടെയുള്ള യാത്രയില്‍ നാടന്‍ രുചികളടങ്ങിയ പ്രഭാത ഭക്ഷണം സഞ്ചാരികള്‍ക്കായി നല്‍കും. കൂടാതെ പായ നെയ്ത്ത് കാണാനും പായ സ്വയം നെയ്യാനും അവസരമൊരുക്കും. ഓല കൊണ്ടുള്ള കരകൗശല ഉല്‍പ്പന്നങ്ങളായ കുട, മുറം, പായ എന്നിവ വാങ്ങുന്നതിനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. തുടര്‍ന്ന് കളിവള്ളങ്ങളും കുട്ടനാടിന്റെ അത്ഭുതകരമായ പ്രകൃതിഭംഗിയും കണ്ട് സഞ്ചരിക്കാം. സി ബ്ലോക്ക്, ആര്‍ ബ്ലോക്ക് എന്നിവയുടെ പിറവിയെപ്പറ്റിയും അടുത്തറിയാം. ആര്‍ ബ്ലോക്കില്‍ എത്തിക്കഴിയുമ്പോള്‍ കുട്ടനാടന്‍ ശൈലിയില്‍ ഷാപ്പ് വിഭവങ്ങളും കായല്‍ വിഭവങ്ങളും അടങ്ങിയ ഉച്ചയൂണ് ആസ്വദിക്കാം.

കായല്‍ യാത്രയില്‍ പഞ്ചവാദ്യവും ശിങ്കാരിമേളവും വേലകളിയും കുത്തിയോട്ടവും അടങ്ങുന്ന ദൃശ്യങ്ങളും ബോട്ടില്‍ സഞ്ചരികള്‍ക്കായി പ്രദര്‍ശിപ്പിക്കും. ശേഷം യാത്ര എത്തിച്ചേരുന്നത് പാതിരാമണല്‍ ദ്വീപിലേക്കാണ്. അവിടെ ആംഫി തിയേറ്ററില്‍ നാടന്‍ കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്കായി അരങ്ങേറും. ഇപ്റ്റയുമായി സഹകരിച്ചാണ് തീയറ്ററില്‍ കലാപരിപാടികള്‍ ഒരുക്കുന്നത്. തിരികെ ആലപ്പുഴയിലേക്കുള്ള യാത്രയില്‍ കായലില്‍ നിന്നും കക്ക വാരുന്നതും നീറ്റുന്നതും അവ ഉല്‍പ്പന്നമാക്കി മാറ്റുന്നതും കണ്ട് മനസിലാക്കാനും അവസരമൊരുക്കുന്നുണ്ട്. കൂടാതെ ഫ്‌ളോട്ടിങ് ഷോപ്പുകളില്‍ നിന്ന് ആലപ്പുഴയുടെ തനത് ഉത്പന്നങ്ങള്‍ വാങ്ങുവാനും സഞ്ചാരികള്‍ക്ക് സാധിക്കും. വൈകിട്ട് ആറ് മണിയോടെ യാത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയില്‍ മടങ്ങിയെത്തുന്നതോടെയാണ് കുട്ടനാടിന്റെ സൗന്ദര്യവും ജീവിതത്തുടിപ്പുകളും തൊട്ടറിഞ്ഞുള്ള ബോട്ട് സഫാരി അവസാനിക്കുക.

Related Stories

No stories found.
Times Kerala
timeskerala.com