സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കും: ഡോ. മോത്തി ജോർജ് | Sanskrit University

"ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്സിറ്റി മ്യൂസിയം” എന്ന വിഷയത്തിലുള്ള ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു
SANSKRIT UNIVERSITY
TIMES KERALA
Updated on

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കനകധാര മ്യൂസിയം വിപുലീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു. (Sanskrit University)

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ളോക്കിൽ സംഘടിപ്പിച്ച “ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്സിറ്റി മ്യൂസിയം” എന്ന വിഷയത്തിലുള്ള ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകധാര മ്യൂസിയത്തെ നവീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും. സർവ്വകലാശാലയുടെ ചിത്രമതിൽ ഉൾപ്പെടെയുള്ളവ സംരക്ഷിച്ച് സർവ്വകലാശാലയുടെ ചരിത്രം അടയാളപ്പെടുത്തുന്ന പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. സംസ്കൃത ഭാഷ ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളുടെ ചരിത്രത്തിനും തനിമയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഭാഷ മ്യൂസിയവും സർവ്വകലാശാല ഉദ്ദേശിക്കുന്നുണ്ട്. ശ്രീശങ്കരാചാര്യരുടെ ജീവിതം, ദർശനങ്ങൾ, കേരള കലകൾ, കേരള ചരിത്രം എന്നിവയും മ്യൂസിയത്തിന്റെ ഭാഗമാകും. കാലടിയുടെ ചരിത്രവും പൗരാണികതയും ജീവിതവും പ്രമേയമാക്കിയുള്ള പ്രത്യേക ഇടവും മ്യൂസിയത്തിന്റെ ഭാഗമായി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് രജിസ്ട്രാർ ഡോ. മോത്തി ജോർജ് പറഞ്ഞു. സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആർ. ഷർമ്മിള അധ്യക്ഷയായിരുന്നു. ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റി, മ്യൂസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അമിത് സോണി, നാഷണൽ മ്യൂസിയം ഓഫ് നാചുറൽ ഹിസ്റ്ററി മുൻ ഡയറക്ടർ ഡോ. ബി. വേണുഗോപൻ, ലാൽ ബഹദൂർ ശാസ്ത്രി മ്യൂസിയം ഡയറക്ടർ ഡോ. ശീതൾ സിംഗ്, ഡോ. സാജു തുരുത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com