‘അമ്മ' വോട്ടർപട്ടികയിൽ കമലഹാസനും പാലാ എം.എൽ.എ. മാണി സി. കാപ്പനും | AMMA Election

വോട്ടർ പട്ടികയിലെ ആദ്യ പേരുകാരൻ തമിഴ് നടൻ അബ്ബാസ് ആണ്, ബോളിവുഡ് നടി തബുവും പട്ടികയിലുണ്ട്
AMMA
Published on

ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ആഗസ്റ്റ് 15 നാണ് തിരഞ്ഞെടുപ്പ്. 507 അംഗങ്ങളുള്ള സംഘടനയുടെ വോട്ടർ പട്ടികയിലെ ചില കൗതുകകരമായ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വോട്ടർ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേര് തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസൻന്റേതാണ്. അടുത്തിടെ അമ്മയുടെ വിശിഷ്ടാംഗത്വം ലഭിച്ചതോടെയാണ് കമൽ ഹാസന് അമ്മയിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. പട്ടികയിലെ മറ്റൊരു കൗതുകമാണ് പാലാ എം.എൽ.എ. മാണി സി. കാപ്പന്റെ പേര്. ഇതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും എം.എൽ.എ. എം. മുകേഷിനും ഒപ്പം അമ്മയിലെ നിയമസഭാംഗങ്ങളുടെ എണ്ണം മൂന്നായി.

വോട്ടർ പട്ടികയിലുള്ള ആദ്യ പേരുകാരൻ ഒരു മലയാളിയല്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ആദ്യത്തെ പേര് തമിഴ് നടൻ അബ്ബാസിന്റേതാണ്. അബ്ബാസിനെ കൂടാതെ ബോളിവുഡ് നടി തബു, തമിഴ് താരങ്ങളായ നെപ്പോളിയൻ, പാർഥിപൻ, തലൈവാസൽ വിജയ്, ഒരു മലയാള സിനിമയിൽ മാത്രം അഭിനയിച്ച ഗായിക വസുന്ധര ദാസ് എന്നിവരും സംഘടനയിൽ അംഗങ്ങളാണ്.

സിനിമയ്ക്ക് വേണ്ടി പേരുമാറ്റിയ ഒട്ടേറെ താരങ്ങളുടെ പേരുകളും പട്ടികയിലുണ്ട്. കവിതാ നായർ (ഉർവ്വശി), ദിവ്യ വെങ്കട്ട് രാമൻ (കനിഹ), സിബി വർഗീസ് (കൈലാഷ്), ബ്രൈറ്റി ബാലചന്ദ്രൻ (മൈഥിലി) എന്നിവരും പട്ടികയിലുണ്ട്. ശാലിനി അജിത്ത് ഉൾപ്പെടെ അഭിനയം നിർത്തിയ പലരും കൂടാതെ വർഷങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഇപ്പോഴും അമ്മ വോട്ടർ പട്ടികയിലുണ്ടെന്നതും ശ്രദ്ധേയമാണ്. മുതിർന്ന താരങ്ങളായ മധുവും, ഷീലയും സംഘടനയുടെ തലമുതിർന്ന കാരണവന്മാരായി പട്ടികയിൽ തുടരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com