കലൂർ സ്റ്റേഡിയം കൈമാറ്റം: പുതിയ ത്രികക്ഷി കരാറിന് നീക്കവുമായി കായിക വകുപ്പും GCDAയും | Kaloor Stadium

നിയമക്കുരുക്കുകൾ ഒഴിവാക്കാനായാണ് ഈ നീക്കം
കലൂർ സ്റ്റേഡിയം കൈമാറ്റം: പുതിയ ത്രികക്ഷി കരാറിന് നീക്കവുമായി കായിക വകുപ്പും GCDAയും | Kaloor Stadium
Published on

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി കലൂർ സ്റ്റേഡിയം കൈമാറിയതിലെ ക്രമക്കേടുകൾ ചർച്ചയായതോടെ, നിയമക്കുരുക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കവുമായി കായിക വകുപ്പും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ.). സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസറുമായി പുതിയ ത്രികക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.(Kaloor Stadium controversy, Sports Department and GCDA move for new tripartite agreement)

മെസ്സി നവംബറിൽ കേരളത്തിൽ എത്തില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കലൂർ സ്റ്റേഡിയം നവീകരണത്തിന് കൈമാറിയതിലെ ക്രമക്കേടുകൾ ചർച്ചയായത്. എന്ത് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്ന ചോദ്യങ്ങൾക്ക് മുമ്പ് 'കരാറുണ്ട്' എന്നായിരുന്നു കായിക മന്ത്രിയും ജി.സി.ഡി.എ. ചെയർമാനും ആവർത്തിച്ച് നൽകിയിരുന്ന മറുപടി.

എന്നാൽ, ഈ അവകാശവാദങ്ങളിൽ വ്യക്തത വരുത്താൻ മാധ്യമപ്രവർത്തകരടക്കം വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് മന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്. പിടിച്ചുനിൽക്കാൻ മറ്റ് വഴികളില്ലാതായതോടെ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലെന്ന് കായികമന്ത്രി ഇന്നലെ സമ്മതിച്ചു. വാർത്താസമ്മേളനത്തിനിടെ കരാറുണ്ടെന്ന് പറഞ്ഞ സ്പോൺസറോട് വിശദാംശങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് തട്ടിക്കയറുകയും ചെയ്തിരുന്നു.

ജി.സി.ഡി.എ., സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ്.കെ.എഫ്.), കായിക മന്ത്രി തുടങ്ങിയവർ തമ്മിൽ നടന്ന കത്തിടപാടുകൾ മാത്രമായിരുന്നു സ്റ്റേഡിയം വിട്ടുകൊടുക്കാനുള്ള കരാറെന്ന് ഇപ്പോൾ വ്യക്തമായി.

ജി.സി.ഡി.എ. സെക്രട്ടറി, സ്പോൺസർ, എസ്.കെ.എഫ്. ചീഫ് എൻജിനീയർ എന്നിവരൊപ്പിട്ട ഒരു കടലാസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, ഒരു വ്യവസ്ഥയും എഴുതിച്ചേർത്തിട്ടില്ലാത്ത ഈ പേപ്പറിന്റെ അടിസ്ഥാനത്തിലാണ് കൈമാറ്റമെങ്കിൽ പ്രശ്നം അതീവ ഗുരുതരമാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ഒരു കരാറുമില്ലാതെ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുത്തതെങ്ങനെയെന്ന ചോദ്യം ഇനിയും ശക്തമായി ഉയരും. ഈ നിയമക്കുരുക്കുകൾ ഒഴിവാക്കാനായാണ്, സ്പോൺസറുമായി ചേർന്ന് പുതിയ ത്രികക്ഷി കരാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ജി.സി.ഡി.എ.യും കായികവകുപ്പും.

Related Stories

No stories found.
Times Kerala
timeskerala.com