കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്ത് വെച്ചാണ് നിർണ്ണായക യോഗം നടക്കുക.(Kaloor Stadium controversy, GCDA governing body meeting today)
അർജന്റീന ദേശീയ ടീമിന്റെ മത്സരം കൊച്ചിയിൽ നടത്താമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയതിൽ വീഴ്ചകൾ സംഭവിച്ചു എന്ന വിമർശനം യോഗത്തിൽ പ്രധാന ചർച്ചാ വിഷയമായേക്കും. ജിസിഡിഎ ഭരണസമിതി യോഗത്തിൽ വിഷയം ഔദ്യോഗികമായി ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്.
കരാർ നടപടികളിൽ ദുരൂഹതയുണ്ടെന്ന ആരോപണം കോൺഗ്രസ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യം വർദ്ധിക്കുന്നത്.
അന്താരാഷ്ട്ര മത്സരത്തിന്റെ പേരിൽ, ഡിസംബറിൽ കൊച്ചിയിൽ നടക്കേണ്ടിയിരുന്ന ഐ.എസ്.എൽ. മത്സരങ്ങൾ ഉൾപ്പെടെ ജിസിഡിഎയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന വിഷയവും ഇന്നത്തെ യോഗത്തിൽ ചർച്ചാവിഷയമാകും.
അതേസമയം, മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്നാണ് ജിസിഡിഎ ഔദ്യോഗികമായി നൽകിയ വിശദീകരണം. യോഗം നടക്കുന്ന കടവന്ത്രയിലെ ജിസിഡിഎ ഓഫീസിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളുടെയോ യുവജന സംഘടനകളുടെയോ പ്രതിഷേധങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.