

കൊച്ചി: ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ സാഹിദുൽ ഇസ്‌ലാം (30), മുഹമ്മദ് അൻബർ (30) എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് പോലീസ് പിന്തുടർന്ന് സാഹസികമായാണ് ഇവരെ കീഴടക്കിയത്. ഒന്നാം പ്രതിയായ സാഹിദുൽ ഇസ്‌ലാം ഇതിനുമുൻപും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം തന്നെ 16 കിലോ കഞ്ചാവുമായി ഇയാളെ കാലടി പോലീസ് പിടികൂടിയിരുന്നു.
ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിക്കുന്നത്. ട്രെയിൻ മാർഗം ആലുവയിൽ എത്തിയ ശേഷം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് ലഹരി കടത്തിയത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് ഏകദേശം 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ 25,000 രൂപയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്.
വിൽപനയ്ക്ക് ശേഷം വലിയ ലാഭവുമായി തിരികെ ബംഗാളിലേക്ക് മടങ്ങുകയായിരുന്നു ഇവരുടെ പതിവ് രീതി. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന മൊത്തക്കച്ചവടക്കാരെ കണ്ടെത്താൻ അന്വേഷണം ഒഡീഷയിലേക്ക് വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.