തൃശൂർ: മണ്ഡലകാല സമാപനദിവസമായ നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് വിശേഷാൽ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്ക് മുന്നോടിയായി ക്ഷേത്രം തന്ത്രി ഗുരുവായൂരപ്പ വിഗ്രഹത്തിൽ കളഭം അഭിഷേകം ചെയ്യുന്നതോടെ 41 ദിവസത്തെ മണ്ഡലകാല ചടങ്ങുകൾക്ക് സമാപനമാകും.(Kalabhattam to be held in Guruvayur temple tomorrow)
കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് മണ്ഡലകാല സമാപനത്തിലെ ഈ വിശേഷാൽ ചടങ്ങ് നടക്കുന്നത്. ചന്ദനം, കശ്മീർ കുങ്കുമം, പനിനീർ എന്നിവ ചേർത്തൊരുക്കുന്ന സുഗന്ധപൂരിതമായ കളഭക്കൂട്ട് കീഴ്ശാന്തിമാരാണ് തയ്യാറാക്കുന്നത്. പന്തീരടി പൂജയ്ക്കും കളഭ പൂജയ്ക്കും ശേഷമാകും അഭിഷേകം.
കളഭത്തിൽ ആറാടി നിൽക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിർമ്മാല്യം വരെ ഭക്തർക്ക് ദർശിക്കാനാകും. പഞ്ചാബ് നാഷണൽ ബാങ്ക് വക വിളക്കാഘോഷവും നാളെ നടക്കും. രാവിലെ 10-ന് പഞ്ചമദ്ദളകേളി, ഉച്ചയ്ക്ക് 3.30-ന് പഞ്ചവാദ്യത്തോടെയുള്ള കാഴ്ചശീവേലി എന്നിവയുണ്ടാകും. രാത്രിയിൽ ചുറ്റുവിളക്ക്, ഇടയ്ക്ക നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. മണ്ഡലകാലത്ത് 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേകത്തിന് ശേഷമാണ് 41-ാം ദിവസം കളഭാഭിഷേകത്തോടെ വൃതം പൂർത്തിയാകുന്നത്.