

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് ഭയമില്ലെന്നും എന്നാൽ അന്വേഷണ ഏജൻസിയെ സർക്കാർ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.(Kadakampally Surendran's questioning was known to the outside world only after 4 days, KC Venugopal in Sabarimala gold theft case)
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരം നാല് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. എന്നാൽ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന വാർത്ത മുൻകൂട്ടി മാധ്യമങ്ങൾക്ക് നൽകുകയാണ്. ഇത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണ് എന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിവെച്ചത്. ഉദ്യോഗസ്ഥർക്ക് മേൽ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. ഹൈക്കോടതി നിയോഗിച്ച സംഘമാണെങ്കിലും ഇതിലെ ഉദ്യോഗസ്ഥർ കേരള സർക്കാരിന് കീഴിലുള്ളവരാണ്. ചോദ്യം ചെയ്യപ്പെടുന്നവർക്ക് സൗകര്യപ്രദമായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേസിലെ വസ്തുതകൾ ഉദ്യോഗസ്ഥർക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്. എന്നിട്ടും ബോധപൂർവ്വം അന്വേഷണം താമസിപ്പിക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.