തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ-ടെറ്റ് (K-TET) യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ, ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യോഗ്യത നേടാൻ അധ്യാപകർക്ക് പരമാവധി അവസരങ്ങൾ നൽകുമെന്നും ഇതിനായി അടുത്ത കെ-ടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ തന്നെ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ആർ.ടി.ഇ (RTE) നിയമം ബാധകമായ എല്ലാ സ്കൂളുകളിലെയും (ന്യൂനപക്ഷ സ്കൂളുകൾ ഒഴികെ) അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. ഇവർക്ക് വിരമിക്കൽ പ്രായം വരെ കെ-ടെറ്റ് ഇല്ലാതെ സർവീസിൽ തുടരാം. എന്നാൽ സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് നിർബന്ധമാണ്. വിധി വന്ന തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം.
2025 ഓഗസ്റ്റ് 31-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 1,46,301 അധ്യാപകരിൽ 75,015 പേർക്ക് കെ-ടെറ്റ് യോഗ്യതയില്ല. എന്നാൽ ഇതിൽ വലിയൊരു വിഭാഗം അധ്യാപകർക്ക് സുപ്രീം കോടതി വിധിയിലെ ഇളവുകളുടെ (അഞ്ച് വർഷത്തിൽ താഴെ സർവീസ് ഉള്ളവർ) ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപകർക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുമെന്നും നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവർക്കും യോഗ്യത നേടാനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.