തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റ് കേവലം വഴിതിരിച്ചുവിടൽ തന്ത്രമാണെന്നും യഥാർത്ഥ പ്രതികൾ പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.(K Surendran on Tantri's arrest in Sabarimala gold theft case)
സ്വർണ്ണക്കൊള്ളയുടെ ഗൂഢാലോചന നടന്നത് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ്. പ്രതികളുമായി അദ്ദേഹത്തിന് സാമ്പത്തിക ഇടപാടുകളുണ്ടായിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുരാവസ്തു കച്ചവടത്തിനായി സോണിയ ഗാന്ധിയെ സമീപിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിൽ പുരാവസ്തു കച്ചവടമുണ്ടെന്നും അന്താരാഷ്ട്ര വിഗ്രഹക്കച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ആചാരലംഘനത്തിന്റെ പേരിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതെങ്കിൽ, ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി ആചാരം ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് നേതാക്കൾ എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സന്ദർശിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.