

കണ്ണൂർ: മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിയുടെ പരാമർശം 'അൽപ്പത്തരമാണ്' എന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിന്റെ സൂചനയാണെന്ന് സുധാകരൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(K Sudhakaran on CM Pinarayi Vijayan's controversial remark)
രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ് എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് യാതൊരു തിരിച്ചടിയും ഉണ്ടാക്കില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. "രാജ്യത്തുള്ള എല്ലാ വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനത്തിനൊപ്പമാണ് ഞാൻ. അതിൽ കൂടുതൽ ഈ വിഷയത്തിൽ സംസാരിക്കാൻ താത്പര്യമില്ല. ഇതുകൊണ്ട് തിരഞ്ഞെടുപ്പിൽ യാതൊരു തിരിച്ചടിയും ഉണ്ടാകാൻ പോകുന്നില്ല," സുധാകരൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയം പ്രകടിപ്പിച്ച കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനെ വിമർശിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ 'സ്ത്രീലമ്പട' പരാമർശം നടത്തിയത്.