തിരുവനന്തപുരം : കെ സുധാകരൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.(K Sudhakaran about Rahul Mamkootathil)
ഇത് പാർട്ടിയെടുത്ത തീരുമാനം ആണെന്നും, രാജി വയ്ക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവരുടെ അവകാശമാണ് എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
രാഹുൽ രാജി വയ്ക്കണമെന്ന അഭിപ്രായം തനിക്കില്ല എന്നും, ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാഗതാർഹം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. അദ്ദേഹത്തോട് കെ പി സി സി വിശദീകരണം തേടും. ഇത് തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് നീക്കം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, രാഹുൽ എം എൽ എ സ്ഥാനത്ത് തുടരും.
രാഹുൽ എം എൽ എ സ്ഥാനവും രാജി വയ്ക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു. ഒടുവിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി പാർട്ടിയിൽ നിന്നും ഉണ്ടാവുകയായിരുന്നു. 15ന് നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാതെ അവധിയിൽ പ്രവേശിച്ചേക്കും.