തിരുവനന്തപുരം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ മുഖമായ കെസ്മാര്‍ട്ടിന്റെ സേവനം ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ ഇനി കേരളം ട്രിപ്പിള്‍ സ്മാര്‍ട്ട്. തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ-സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
മാറുന്ന കാലത്തിനനുസരിച്ചുള്ള സാങ്കേതികവിദ്യയ്‌ക്കൊപ്പം സിവില്‍ സര്‍വീസിനെ നവീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കെസ്മാര്‍ട്ട് മുഖേനെയുള്ള സേവനങ്ങള്‍ എല്ലാ പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യ നന്മയ്ക്കും സാമൂഹിക പരിവര്‍ത്തനത്തിനുമാണ് ഉപയോഗിക്കേണ്ടത്. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ വികാസം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും യുവതയുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരു വിജ്ഞാന സമ്പദ്ഘടനയും അതിനനുസൃതമായ നൂതനത്വ സമൂഹവുമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണത്തിന്റെ സ്വാദ് എല്ലാ ജനങ്ങള്‍ക്കും അനുഭവിക്കാനാകുമ്പോഴാണ് ഭരണം സാര്‍ത്ഥകമാകുന്നത്. ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ടു നില്‍ക്കുന്ന വകുപ്പാണ് തദ്ദേശ വകുപ്പ്. ജനങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി എത്തുന്ന ഒട്ടേറെ വകുപ്പുകളുണ്ട്. ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കണം. ഓരോ പ്രദേശത്തെയും ജനങ്ങളുടെ നന്മ ലക്ഷ്യമിട്ടാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. അതിന്റെ ഭാഗമായി ജനങ്ങളുടെ അംഗീകാരം ലഭിക്കാറുമുണ്ട്. എന്നാല്‍ ഓഫീസുകളില്‍ ചില ആവശ്യങ്ങളുമായി ചെല്ലേണ്ടിവരുന്ന ആളുകള്‍ക്ക് തിക്തമായ ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഓഫീസിന്റെ തലം മാറുമ്പോള്‍ ഈ തിക്തതകളുടെ കാഠിന്യവും കൂടുന്നു എന്നതായിരുന്നു നേരത്തേയുണ്ടായിരുന്ന അനുഭവം. ആളുകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കില്ല എന്ന വാശിയോടെയിരിക്കുന്ന ചില ദുര്‍മുഖങ്ങള്‍ ഒരുപാട് ഓഫീസുകളില്‍ കാലാകാലമായിട്ട് ഉണ്ടായിരുന്നു. ആ ഒരു സംസ്‌കാരം മാറ്റിയെടുക്കുന്നതിനുള്ള തീവ്രമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. എല്ലാ ജീവനക്കാരും ഇത്തരത്തിലല്ലെങ്കിലും തെറ്റായ രീതിയില്‍ പല കാര്യങ്ങളും നടത്തുന്നവരും നമുക്കിടയില്‍ ഉണ്ടായിരുന്നു. അത് അവസാനിപ്പിക്കുന്നതിനുള്ള വലിയ ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. അതിന്റെ ഫലമായി നല്ല മാറ്റം കൊണ്ടുവരാനായെങ്കിലും പൂര്‍ണമായി എന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട തൊള്ളായിരത്തിലധികം സര്‍വീസുകള്‍ ഓണ്‍ലൈനാക്കി മാറ്റാനായിട്ടുണ്ട്. മാതൃകാപരമായ ഇടപെടലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇത്തരത്തിലുള്ള പരിശ്രമങ്ങളിലൂടെ ശ്രമിക്കുന്നത്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ ദൃഢമാകുന്നതിന് ഇത്തരം മുന്‍കൈകള്‍ ഉതകും. സംസ്ഥാനത്ത് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ളതാണെന്ന ഒരു പുതിയ ഭരണ സംസ്‌കാരം നിലവില്‍ വന്നിട്ടുണ്ടെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ ഉള്‍ക്കൊള്ളുന്ന കാര്യമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് ഇതിന്റെ ഭാഗമായാണ് പുറത്തിറക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ സര്‍ക്കാരിനെയാണ് വിലയിരുത്തുന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ മികവാര്‍ന്ന രീതിയിലാണ് നടപ്പാക്കുന്നത്. ലൈഫ് മിഷന്‍ മുഖേന വീടുകള്‍, മാലിന്യ നിര്‍മാര്‍ജ്ജനം, അതി ദാരിദ്ര്യ നിര്‍മാര്‍ജ്ജനം തുടങ്ങിയവ ഇത്തരത്തിലുള്ള നല്ല പ്രവര്‍ത്തനങ്ങളാണ്. അതിന്റെ ഭാഗമായാണ് 2024 ജനുവരി 1ന് കെസ്മാര്‍ട്ടിന് തുടക്കം കുറിച്ചത്. വളരെ കാര്യക്ഷമമായി നടക്കാനിടയുള്ള ഒരു സംവിധാനമാണിത് എന്ന പ്രതീക്ഷയാണ് അന്നുണ്ടായിരുന്നത്. ഒരു വര്‍ഷം കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഇത് നടപ്പാക്കി വിജയിച്ചതോടെയാണ് കെസ്മാര്‍ട്ട് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കൂടി കെസ്മാര്‍ട്ട് എത്തുന്നതോടെ കേരളമാകെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ക്കായി ഇനി പൊതുജനങ്ങള്‍ക്ക് ഓഫീസുകളിലേക്ക് നേരിട്ട് പോകേണ്ടതില്ല.
33 ലക്ഷത്തിലധികം ഫയലുകള്‍ കെസ്മാര്‍ട്ട് മുഖേന കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തു. ഇതില്‍ 25 ലക്ഷത്തോളം ഫയലുകള്‍ തീര്‍പ്പാക്കി. അഞ്ചുലക്ഷത്തോളം ഫയലുകള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അധിക സമയത്തും അവധി ദിവസവും ജോലി ചെയ്ത് തീര്‍പ്പാക്കിയതാണ്. ആറു മണിക്കൂറിനുള്ളില്‍ നാലുലക്ഷത്തോളം ഫയലുകളും ഒരു ദിവസത്തിനുള്ളില്‍ 10 ലക്ഷത്തോളവും ഫയലുകള്‍ തീര്‍പ്പാക്കി. ആത്മാര്‍ത്ഥവും കാര്യക്ഷമവുമായ പരിശ്രമമാണ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെ അഭിനന്ദിക്കുന്നെന്നും ഇനിയും ഈ പരിശ്രമം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ചീഫ് മിഷന്‍ ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട.) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ സ്വാഗതവും ഐ.കെ.എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി പി.എസ് നന്ദിയും പറഞ്ഞു.
തദ്ദേശ സേവനങ്ങള്‍ ഇനി 24 x 7: കെസ്മാര്‍ട്ട് ലോഞ്ചില്‍ ലൈവ് ഡെമോണ്‍സ്‌ട്രേഷനും
കെസ്മാര്‍ട്ടിന്റെ സേവനം ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി രാപകല്‍ വ്യത്യാസമില്ലാതെ എല്ലാ ദിവസവും ലഭ്യമാകും. നിറഞ്ഞ സദസ്സിന് മുന്‍പില്‍ പൗഢഗംഭീരമായി നടന്ന കെ-സ്മാര്‍ട് ത്രിതല പഞ്ചായത്തുകളിലേക്കുള്ള ലോഞ്ച് ശ്രദ്ധേയമായത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ തത്സമയം സദസ്സിന് മുമ്പാകെ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിച്ചതിലൂടെ. മന്ത്രിമാരായ എം.ബി രാജേഷ്, വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടികളില്‍ കെ-സ്മാര്‍ട് മുഖേനയുള്ള കെട്ടിട രജിസ്ട്രേഷന്‍, ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയവയുടെ ലൈവ് ഡെമോയും നടന്നു.
മന്ത്രി എം.ബി രാജേഷിന്റെ പാലക്കാടുള്ള വീടിന്റെ ബില്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് കെ-സ്മാര്‍ട്ട് മുഖേന ഓണ്‍ലൈനായി വേദിയില്‍ ഡൗണ്‍ലോഡ് ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കാണികള്‍ക്കായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒപ്പം തത്സമയം മന്ത്രിയുടെ ഫോണില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റും കാണികള്‍ക്ക് മുന്നില്‍ ദൃശ്യമാക്കി.
കെ-സ്മാര്‍ട്ട് മുഖേന വിവാഹ രജിസ്ട്രേഷനായുള്ള വീഡിയോ കെവൈസി ഓണ്‍ലൈനായി ചെയ്യുന്നതിന്റെ ഡെമോ വീഡിയോ തത്സമയം പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. നവ ദമ്പതികളായ വൈഷ്ണവ്, അശ്വതി എന്നിവരുടെ വിവാഹ രജിസ്ട്രേഷനാണ് കെ-സ്മാര്‍ട്ടിന്റെ രണ്ടാം ഘട്ടത്തില്‍ ആദ്യമായ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശേഷം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മന്ത്രിമാരായ ജി.ആര്‍ അനില്‍, എം.ബി രാജേഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. രണ്ട് സ്ഥലങ്ങളിലുള്ള, രണ്ട് രാജ്യങ്ങളിലുള്ള ദമ്പതികള്‍ക്കാണെങ്കില്‍ പോലും കെ-സ്മാര്‍ട് മുഖേന എളുപ്പത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുവാനാകും. കെസ്മാര്‍ട്ട് വഴി പ്രോപ്പര്‍ട്ടി ടാക്‌സ് ഓണ്‍ലൈന്‍ രസീത് നല്‍കല്‍ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.