

ശരീരഭാരത്തെക്കുറിച്ച് അവഹേളനപരമായ ചോദ്യമുയര്‍ത്തിയ യുട്യൂബർക്ക് ശക്തമായ മറുപടി നല്‍കിയ നടി ഗൗരി കിഷനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍. നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന നാണംകെട്ട ചോദ്യങ്ങളോട് പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുന്നില്ലെന്നത് സന്തോഷം നല്‍കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. (K S Sabarinadhan)
കെ.എസ്. ശബരീനാഥന്റെ വാക്കുകൾ
'കാലാകാലങ്ങളായി സ്ത്രീകൾ മറുപടി പറയേണ്ടി വരുന്ന, സ്ത്രീകൾക്ക് നേരെ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ.. പെണ്ണുടലിന്റെ അഴകിനെയും അളവിനെയും കുറിച്ചുള്ള ആൺ ധാരണകൾക്കാണ് എന്നും പ്രാമുഖ്യം. അത്തരം ആൺ ബോധ്യങ്ങൾ അനുസരിച്ചാണ്, അത്തരം അഴകളവുകൾക്ക് അനുസരിച്ചാണ് സിനിമയിലും സമൂഹത്തിലും അവൾ ഒരുങ്ങേണ്ടത്, തൻറെ ശരീരത്തെ മെരുക്കി എടുക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കിൽ അവൾ പരിഹസിക്കപ്പെടും, കളിയാക്കപ്പെടും ഇതുപോലെ മുനകൂർത്ത് ചോദ്യങ്ങൾ ഏറ്റുവാങ്ങേണ്ടിവരും.
നിഷ്കളങ്കം എന്ന് തോന്നിക്കുന്ന ഈ നാണംകെട്ട ചോദ്യങ്ങളോട് പക്ഷേ പുതിയ തലമുറയിലെ പെൺകുട്ടികൾ മിണ്ടാതിരിക്കുന്നില്ല എന്നത് തന്നെ സന്തോഷം നൽകുന്നു. തന്റെ ശരീരത്തോടുള്ള സ്നേഹവും അന്തസ്സും മാത്രമല്ല, അത്തരം ആൺബോധ്യങ്ങൾക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്ദം. ആരെന്തു ചോദിച്ചാലും നാണിച്ചു തല കുനിയ്ക്കുന്ന പഴയ തലമുറയല്ല, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി സൂക്ഷ്മബോധ്യത്തോടെ മുന്നോട്ട് പോകുന്ന പുതിയ പെൺകുഞ്ഞുങ്ങളാണ് പ്രതീക്ഷയും സന്തോഷവും.'
'അദേഴ്സ്' എന്ന തമിഴ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ശാരീരികാധിക്ഷേപത്തിനെതിരേ മലയാളിയായ താരം പ്രതികരിച്ചത്. തന്റെ ശരീരഭാരത്തെ പരാമര്‍ശിച്ച് ഒരു യുട്യൂബർ ചോദിച്ച ചോദ്യം തനിക്ക് വിഷമമുണ്ടാക്കിയതായി അവര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആ ചോദ്യമെന്ന് പറഞ്ഞ് യുട്യൂബർ അതിനെ ന്യായീകരിക്കാനും തട്ടിക്കയറാനും ശ്രമിച്ചപ്പോഴാണ് ഗൗരി ശക്തമായി പ്രതികരിച്ചത്.