Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'മഞ്ഞക്കുറ്റികൾ അടിച്ച സ്ഥലമെല്ലാം ഉടൻ പഴയ പടിയാകും, കെ റെയിൽ അടഞ്ഞ...

‘മഞ്ഞക്കുറ്റികൾ അടിച്ച സ്ഥലമെല്ലാം ഉടൻ പഴയ പടിയാകും, കെ റെയിൽ അടഞ്ഞ അധ്യായം, അതിവേഗ റെയിൽ വേണം’: ബിനോയ് വിശ്വം | High-speed rail

🎙️ Latest Podcast

കോഴിക്കോട്: കെ റെയിൽ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടൻ നീക്കം ചെയ്യുമെന്നും സ്ഥലമെല്ലാം പഴയപടിയാകുമെന്നും അദ്ദേഹം പറഞ്ഞു.(K Rail is a closed chapter, we need high-speed rail, says Binoy Viswam)

കേരളത്തിന് അതിവേഗ റെയിൽ പാത അനിവാര്യമാണ്. അക്കാര്യത്തിൽ പിടിവാശി സർക്കാരിനില്ല എന്നും, ഭൂലഭ്യതയും പ്രായോഗികതയും പരിഗണിച്ചുള്ള ഏത് പദ്ധതിയായാലും ഇടതുമുന്നണി സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് പ്രഖ്യാപനം വെറും വാക്കുകളിൽ ഒതുങ്ങരുത് എന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കടുത്ത വിമർശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. മോദിയെ പുകഴ്ത്തുന്നത് തുടരുന്ന തരൂർ എത്രകാലം കോൺഗ്രസിൽ തുടരുമെന്ന് അദ്ദേഹം ചോദിച്ചു.

തരൂരിനെ സിപിഎം ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചുവെന്ന് കരുതുന്നില്ല. തരൂരിനെപ്പോലൊരാൾക്ക് ഇടതുപക്ഷ രാഷ്ട്രീയവുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം എൽഡിഎഫിൽ തുടങ്ങിയിട്ടില്ല. എന്നാൽ സി.പി.ഐ ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും നിലവിലെ സാഹചര്യം പരിഗണിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന്റെ ഗതികേട് കൊണ്ടാണ് ഓരോ പാർട്ടികളെയും അവർ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. കേരള കോൺഗ്രസ് എമ്മിനെ തിരികെ എത്തിക്കാൻ യുഡിഎഫ് ഇട്ട ചൂണ്ട ഒടിയുകയേയുള്ളൂ. എൽഡിഎഫിൽ നിന്ന് ആരും യുഡിഎഫിലേക്ക് പോകില്ല. മത്സരത്തിനില്ലെന്ന മുരളീധരന്റെ പരാമർശം പരാജയഭീതി കൊണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.