

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് വന്ദേ ഭാരതിനായി മാറ്റാനാകില്ലെന്ന് കെ റെയിൽ(K-RAIL). കേന്ദ്ര റെയിൽവെ മന്ത്രാലയം ആവശ്യപ്പെട്ട നിലയിൽ അടിസ്ഥാന പദ്ധതിയിൽ മാറ്റം വരുത്താൻ ആകില്ലെന്നും അതിവേഗ തീവണ്ടികൾക്ക് പ്രത്യേക ലൈൻ തന്നെ വേണമെന്നും ഇതിനായി സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നും കെ റെയിൽ നൽകിയ കത്തിൽ വിശദീകരിക്കുന്നു.
റെയിൽവേ ഭൂമിയാണ് പ്രശ്നമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താമെന്നും കെ റെയിൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, റെയിൽവെയുടെ ബദൽ നിർദേശം തള്ളി മെട്രോ മാനും ബിജെപി നേതാവുമായ ഇ ശ്രീധരൻ രംഗത്ത് എത്തി. ബ്രോഡ്ഗേജ് പാതാ നിർദേശം അപ്രയോഗികമെന്നാണ് ഈ വിഷയത്തിൽ ഇ ശ്രീധരൻ്റെ നിലപാട്.