

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച സംഭവത്തിൽ കെ. മുരളീധരൻ പ്രതികരണവുമായി രംഗത്തെത്തി. ഇലക്ഷൻ അടുക്കുമ്പോൾ ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് എടുക്കാൻ വേണ്ടി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന നടപടിയാണിതെന്നും, എന്നാൽ ഈ നീക്കം വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.(K Muraleedharan's mockery on the Masala bond notice to the CM)
"ഇന്ത്യ മുന്നണിയിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ല. മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്. ഇലക്ഷൻ അടുക്കുമ്പോൾ ബി.ജെ.പി.ക്ക് അനുകൂല നിലപാട് എടുപ്പിക്കാനാണ്. ആര് പൊക്കിയാലും ബി.ജെ.പി. പൊങ്ങില്ല. ഇടയ്ക്കിടെ പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങും," മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് ഇ.ഡി.യുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇ.ഡിയുടെ അന്തിമ റിപ്പോർട്ട്. ഈ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു.
തുടർനടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇപ്പോൾ നോട്ടീസ് അയച്ചത്. നോട്ടീസിന് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകൻ വഴിയോ നിയമപ്രകാരം മറുപടി നൽകാൻ അവസരമുണ്ട്.