കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുലിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം. ശബ്ദരേഖയല്ല നടപടിയാണ് വേണ്ടത്. പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായാലേ പുറത്താക്കലിനെ പറ്റി ചിന്തിക്കൂ. യാഥാര്‍ത്ഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ടത് പൊലീസാണ്. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോട് കൂടിയ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്.
അതിന് പകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ ഉപദേശിക്കാനല്ല നടക്കേണ്ടത്. മറ്റ് നടപടികളിലേക്ക് കടന്നാല്‍ ഇപ്പോഴുള്ള അച്ചടക്ക നടപടി കുറേക്കൂടി കടുപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇവിടെ വേണ്ടത് ശബ്ദ രേഖയല്ല. യാഥാര്‍ഥ്യം മനസിലാക്കി നടപടികളിലേക്ക് പോകേണ്ട പൊലീസാണ്. അതില്‍ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്.
അതേ സമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഗർഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോണ്‍ സംഭാഷണമാണ് ഇന്ന് പുറത്തുവന്നത്. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിർബന്ധിക്കുന്നു. ലെെംഗികാരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.