തിരുവനന്തപുരം: തലസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന് കെ. മുരളീധരൻ ആരോപിച്ചു. ബിജെപിയുടെ സംഘടനാ സംവിധാനത്തേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ കൂട്ടുകച്ചവടത്തിനായി പ്രവർത്തിച്ചതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയുടെ ഭൂരിപക്ഷം പലയിടത്തും കുറഞ്ഞതായി മുരളീധരൻ ചൂണ്ടിക്കാട്ടി. വട്ടിയൂർക്കാവിൽ 8,000 വോട്ടിന്റെ ലീഡ് 5,700 ആയി കുറഞ്ഞെന്നും, നേമത്ത് കഴിഞ്ഞ തവണത്തെ ലീഡ് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ കലഹമാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന തമാശയാണ്. മുസ്ലീം ലീഗുമായി യാതൊരു തർക്കവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവർത്തകനെ പേര് നോക്കി തീവ്രവാദി എന്ന് വിളിച്ചത് അംഗീകരിക്കാനാവില്ല. ശ്രീനാരായണ ഗുരുവിന്റെ കസേരയിൽ ഇരിക്കുന്ന വെള്ളാപ്പള്ളിയെ തിരുത്തിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണം വന്ദേഭാരത് വേഗതയിൽ നിന്ന് പാസഞ്ചർ ട്രെയിൻ വേഗതയിലേക്ക് മാറിയെന്നും, അന്വേഷണം ഇഴഞ്ഞുനീങ്ങിയാൽ പ്രതികൾക്ക് ജാമ്യം കിട്ടുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
സോണിയ ഗാന്ധിക്കെതിരെയുള്ള കെ. സുരേന്ദ്രന്റെ പരാമർശങ്ങളെയും മുരളീധരൻ പരിഹസിച്ചു. സുരേന്ദ്രന്റെ പ്രസ്താവനകൾ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.