കണ്ണൂർ: കെ. ലതേഷിനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ ഏഴ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. തലശ്ശേരി തലായിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതാവുമായിരുന്നു അദ്ദേഹം.(K Lathesh murder case, Court finds accused 1 to 7, BJP-RSS workers, guilty)
ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. കേസിലെ ഒൻപത് മുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കേസിന്റെ വിചാരണ കാലയളവിൽ എട്ടാം പ്രതി മരണപ്പെട്ടിരുന്നു.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾ പി. സുമിത്ത് (കുട്ടൻ), കെ.കെ. പ്രജീഷ് ബാബു, ബി. നിധിൻ, കെ. സനൽ (ഇട്ടു), സ്മിജോഷ്, സജീഷ് (ജിഷു), വി. ജയേഷ് എന്നിവരാണ്. 2008 ഡിസംബർ 31-ന് വൈകുന്നേരമാണ് ലതേഷിനെ ഒരു സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ലതേഷിന്റെ സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.