'സർക്കാർ പദവിയിലിരിക്കെ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയി, കെ ജയകുമാറിനെ അയോഗ്യനാക്കണം': ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി | K Jayakumar
തിരുവനന്തപുരം: ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി. ബി. അശോക് ഐ.എ.എസ്. ആണ് ഹർജി നൽകിയത്. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായത് ചട്ടവിരുദ്ധമാണ് എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.(K Jayakumar should be disqualified, Petition filed in court citing double post)
ഐ.എ.ജി ഡയറക്ടറായിരിക്കെയാണ് അദ്ദേഹം ബോർഡ് പ്രസിഡൻ്റ് പദവി ഏറ്റെടുത്തതെന്നും ഇത് ചട്ടലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തനിക്ക് ഇരട്ടപ്പദവി ഇല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും കെ. ജയകുമാർ പ്രതികരിച്ചു.
താൻ രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ല. ഐ.എ.ജി. ഡയറക്ടർ പദവിയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ ആളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹർജിയിൽ ജില്ലാ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
