തിരുവനന്തപുരം : കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് റിപോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്ന സമയത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം വരുന്നത്.
ഇന്ന് ചേർന്ന സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്. ഇതിൽ കൂടുതൽ പരിഗണന കെ ജയകുമാർ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. പത്തനംതിട്ടയിൽ നിന്നുള്ള സതീശൻ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി നിർദേശിച്ചത്. കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കുമോ എന്ന കാര്യത്തിൽ നാളെ തന്നെ അന്തിമ തീരുമാനം ഉണ്ടാകും.
ആദ്യമായല്ല കെ. ജയകുമാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഒരു സ്ഥാനത്തേക്ക് വരുന്നത്. ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ജയകുമാറിനെ ഇടക്കാലത്തേക്ക് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എന്നൊരു പദവിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതുകൂടാതെ രണ്ട് തവണകൂടി അദ്ദേഹം സ്‌പെഷ്യല്‍ കമ്മീഷണറായി ശബരിമലയില്‍ എത്തിയിട്ടുണ്ട്.