തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഐ.എ.എസ്. ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. നിയമനം രണ്ട് വർഷത്തേക്കാണ്.(K Jayakumar IAS appointed as Travancore Devaswom Board President, Government issues appointment order)
അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായും നിയമനം നടന്നിട്ടുണ്ട്. കെ. രാജുവിനെയാണ് ബോർഡ് മെമ്പറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ നിർദേശപ്രകാരം. ശബരിമല സ്വർണമോഷണ വിവാദത്തിൽ സർക്കാർ പ്രതിരോധത്തിലായ പശ്ചാത്തലത്തിൽ, പൊതുസ്വീകാര്യനായ ജയകുമാറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ ആശങ്കകൾക്ക് ശമനമാകുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോർഡംഗം എ. അജികുമാറിന്റെയും കാലാവധി ഈ മാസം 13-ന് അവസാനിക്കും. കെ. ജയകുമാറും കെ. രാജുവും നവംബർ 14-ന് (വ്യാഴാഴ്ച) ചുമതലയേൽക്കും. നിയമനം രണ്ട് വർഷത്തേക്കാണ്.
ട്രാവൻകൂർ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോർഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതുപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്.