
സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘സി.എം. വിത്ത് മി’ പദ്ധതിക്ക് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെഫോൺ. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്നതിലൂടെ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കെഫോൺ പിന്തുണയേകും.
ജനങ്ങളുടെ പ്രശ്‌നങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സമയബന്ധിതമായി നടപടിയെടുക്കാനും കെഫോണിന്റെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി സർക്കാരിനെ സഹായിക്കും. സർക്കാരിന്റെ പ്രധാന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ പദ്ധതിയിലൂടെ എളുപ്പത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തെ ശക്തിപ്പെടുത്തുന്ന സി.എം. വിത്ത് മി പോലെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിൻറെ പ്രതീകമാണെന്ന് കെഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐ.എ.എസ് (റിട്ട) പറഞ്ഞു. തടസ്സമില്ലാത്തതും അതിവേഗത്തിലുള്ളതുമായ ഇന്റർനെറ്റ് നൽകുന്നതിലൂടെ ജനസേവനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറ്റുകയാണ് കെഫോണിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.