
തിരുവനന്തപുരം: ദേശീയ ബാലാവകാശ കമ്മീഷൻ്റെ രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന നിലപാടിനെതിരെ രംഗത്തെത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. (K B Ganesh Kumar)
കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത് മദ്രസകളിൽ നിന്നാണെന്നും, മതപഠനമാണ് നടക്കുന്നതെന്ന് പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മതങ്ങളും കുഞ്ഞുങ്ങൾക്ക് ആത്മീയ പഠന ക്ലാസ് നൽകണമെന്ന് പറഞ്ഞ മന്ത്രി, അല്ലാത്ത പക്ഷം ദൈവം നല്ലതെന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയാതെ പോകുമെന്നും പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ പ്രതികരണം ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുന്ന അവസരത്തിലായിരുന്നു.
എന്താണ് ഖുർആനിലെ സന്ദേശമെന്നാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, അത് വേദ പഠന ക്ലാസ് ആണ്, അല്ലാതെ മത പഠന ക്ലാസ് അല്ലെന്നും കൂട്ടിച്ചേർത്തു.
മതപഠന ക്ലാസ്സെന്ന വാക്ക് തെറ്റാണെന്നും, അത് ആത്മീയ പഠന ക്ലാസ്സെന്നാക്കി മാറ്റണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
പഠിപ്പിക്കേണ്ടത് എല്ലാം കുഞ്ഞുപ്രായത്തിൽ തന്നെ പഠിപ്പിക്കണമെന്ന് പറഞ്ഞ കെ ബി ഗണേഷ് കുമാർ, സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതമല്ല ബൈബിളാണെന്നും, ഇതൊക്കെ നടത്തുന്നത് ക്രിസ്ത്യാനി ആരെന്ന് പഠിപ്പിക്കാനോ, ക്രിസ്ത്യാനികളെല്ലാം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കണ്ടാൽ തിരിഞ്ഞുനടക്കണം എന്ന് പഠിപ്പിക്കാനോ അല്ലെന്നും, ആത്മീയമായ അറിവ് ലഭിക്കാനാണെന്നും വ്യക്തമാക്കി.