ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: 220 ശുപാർശകളിൽ നടപടി പൂർത്തിയായെന്ന് മുഖ്യമന്ത്രി; ഫെബ്രുവരി 6-ന് അവലോകന യോഗം | Justice JB Koshy Commission Report Kerala

Justice JB Koshy Commission Report Kerala
Updated on

തിരുവനന്തപുരം: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ സമർപ്പിച്ച ഭൂരിഭാഗം ശുപാർശകളിലും സർക്കാർ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കമ്മീഷൻ മുന്നോട്ടുവെച്ച 284 ശുപാർശകളും 45 ഉപശുപാർശകളും സർക്കാർ ഗൗരവമായി പരിഗണിച്ചുവെന്നും ഇതിൽ 220 എണ്ണത്തിലും നടപടികൾ പൂർത്തിയാക്കിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സർക്കാരിന്റെ 17 വ്യത്യസ്ത വകുപ്പുകൾ വഴിയാണ് ശുപാർശകൾ നടപ്പിലാക്കുന്നത്. ഇതിൽ ഭൂരിഭാഗം നിർദ്ദേശങ്ങളും ഇതിനോടകം പ്രായോഗിക തലത്തിൽ എത്തിക്കഴിഞ്ഞു. ഏഴ് പ്രധാന ശുപാർശകൾ മന്ത്രിസഭയുടെ പ്രത്യേക പരിഗണനയ്ക്കായി സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിച്ചു വരികയാണ്- മുഖ്യമന്ത്രി പറഞ്ഞു.

അവലോകന യോഗം: റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഫെബ്രുവരി 6-ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൾ പ്രത്യേക യോഗം ചേരും. ഈ വിഷയത്തിൽ താൽപ്പര്യമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകൾക്ക് ഫെബ്രുവരി 6-ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുൻപും പലതവണ സമാനമായ യോഗങ്ങൾ ചേർന്ന് പുരോഗതി വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി തയ്യാറാക്കിയ ഈ റിപ്പോർട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പൂർണ്ണമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com