കൊച്ചി: രോഗികള്‍ക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വൈദ്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യയുടെ (ആര്‍എസ്എസ്ഡിഐ) 53-ാമത് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍, ഓരോ പൗരനും തുല്യ ചികിത്സ ലഭിക്കുന്നുണ്ടെന്ന് വൈദ്യ സമൂഹം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി. നീതിയുടെ കാര്യത്തിലെന്നപോലെ, എല്ലാ രോഗികള്‍ക്കും ആവശ്യമായത് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രമേഹ പരിചരണത്തെയും ചികിത്സയെയും കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിലെ നാഴികക്കല്ലുകളില്‍ ഒന്നായി സമ്മേളനത്തെ പ്രശംസിച്ചുകൊണ്ട്, കൊച്ചിയില്‍ ഒത്തുകൂടിയ വൈദ്യ സമൂഹം അവരുടെ സേവനം തേടുന്ന രോഗികളുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം ചെയ്യണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.
കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍,ഐഡിഎഫ് പ്രസിഡന്റ് ഡോ. പീറ്റര്‍ ഷ്വാര്‍സ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഐഡിഎഫ് ചെയര്‍ ഡോ. ബന്‍ഷി സാബൂ, ആര്‍എസ്എസ്ഡിഐ മുഖ്യ ഉപദേഷ്ടാവ് ഡോ. ശശാങ്ക് ജോഷി, ആര്‍എസ്എസ്ഡിഐ പ്രസിഡന്റ് ഡോ. വിജയ് വിശ്വനാഥന്‍, സെക്രട്ടറി ഡോ. സഞ്ജയ് അഗര്‍വാള്‍, പ്രസിഡന്റ് എലെക്ട് ഡോ. അനുജ് മഹേശ്വരി, , ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജ്യോതിദേവ് കേശവദേവ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.അനിത നമ്പ്യാര്‍, ട്രഷറര്‍ റഫീഖ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
പ്രമേഹ ചികിത്സയില്‍ മികവ് കാണിച്ച ഡോക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു.