കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി നടപടികളെക്കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ശക്തമായ മുന്നറിയിപ്പ് നൽകി. കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ജഡ്ജി ഈ നിലപാട് വ്യക്തമാക്കിയത്.(Judge Honey M Varghese warns media and lawyers)
നവംബർ 8-ന് നടൻ ദിലീപിനെ (എട്ടാം പ്രതി) കുറ്റവിമുക്തനാക്കുകയും പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തതിന് ശേഷമുള്ള റിപ്പോർട്ടിംഗിനെ ജഡ്ജി വിമർശിച്ചു. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകും. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ പ്രശ്നമില്ല, എന്നാൽ കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യും.
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ഈ കേസിൽ കർശനമായി പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. കേസിന്റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി.
ശിക്ഷയിൽ ഇളവ് ലഭിക്കാനായി പ്രതികൾ വികാരഭരിതരായാണ് കോടതിയെ സമീപിച്ചത്. ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ) വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ഭാവഭേദമൊന്നുമില്ലാതെ സുനിൽകുമാർ കോടതിയെ അറിയിച്ചു. രണ്ടാം പ്രതി മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്. "താനൊരു തെറ്റും ചെയ്തിട്ടില്ല. താൻ നിരപരാധിയാണ്. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നത്. ശിക്ഷയിൽ ഇളവ് വേണം" എന്ന് മാർട്ടിൻ ആവർത്തിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളിൽ ഒരാളാണ് മാർട്ടിൻ.