തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിലെ പെൻഷൻ തുകയിൽ 1,500 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ പ്രതിമാസ പെൻഷൻ 13,000 രൂപയായി ഉയരും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഈ പ്രഖ്യാപനം മാധ്യമ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.(Journalists pension increased, KUWJ congratulates Finance Minister)
നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 11,500 രൂപയിൽ നിന്നാണ് പെൻഷൻ 13,000 രൂപയാക്കി ഉയർത്തിയത്. പെൻഷൻ വർദ്ധിപ്പിച്ച തീരുമാനത്തെ കേരള പത്രപ്രവർത്തക യൂണിയൻ സ്വാഗതം ചെയ്യുകയും ധനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ മുൻപ് നിവേദനം നൽകിയിരുന്നു. ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പ്രീ-ബജറ്റ് ചർച്ചകളിൽ മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.