തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന പ്രചാരണങ്ങൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. പാർട്ടി യുഡിഎഫിലേക്ക് മടങ്ങുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ചർച്ചകൾ പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച സമര പരിപാടിയിൽ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾക്കായി കേരളത്തിന് പുറത്ത് യാത്ര ചെയ്യേണ്ടി വന്നതിനാലാണ് പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം മുന്നണി നേതാക്കളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമാണെന്ന് പലവട്ടം വ്യക്തമാക്കിയതാണ്. നിലവിൽ പുറത്തുവരുന്ന വാർത്തകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.