'2020-ൽ വോട്ട് ചെയ്തിട്ടില്ല': VM വിനുവിനെതിരെ ജോയിൻ്റ് ഡയറക്ടറുടെ റിപ്പോർട്ട്; കൃത്രിമം ആരോപിച്ച് കോൺഗ്രസ് | VM Vinu

ഇനി പേര് ചേർക്കൽ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Joint Director's report against VM Vinu, Congress alleges tampering
Published on

കോഴിക്കോട്: കോർപ്പറേഷനിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.എം. വിനുവിന്റെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട തർക്കത്തിൽ തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടറുടെ നിർണായക റിപ്പോർട്ട് പുറത്തുവന്നു. 2020-ലെ തിരഞ്ഞെടുപ്പിൽ വി.എം. വിനു വോട്ട് ചെയ്തിട്ടില്ലെന്നാണ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.(Joint Director's report against VM Vinu, Congress alleges tampering)

ഈ റിപ്പോർട്ട് പ്രകാരം, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ഇ.ആർ.ഒ.) ഭാഗത്ത് പിഴവുകൾ ഉണ്ടായിട്ടില്ല. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിട്ടും വിനു അപേക്ഷ നൽകിയില്ലെന്നും, ഇനി പേര് ചേർക്കൽ സാധ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കളക്ടറുടെ റിപ്പോർട്ടിനെ തള്ളി കോൺഗ്രസ് ജില്ലാ നേതൃത്വം രംഗത്തെത്തി. രാഷ്ട്രീയ ഇടപെടലും കൃത്രിമവും നടന്നിട്ടുണ്ട് എന്ന് ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ ആരോപിച്ചു. രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് കളക്ടർക്കുതന്നെ സംശയമുണ്ടായി, അതുകൊണ്ടാണ് അദ്ദേഹം അന്വേഷണത്തിന് നിർദേശം നൽകിയത്.

"2020-ലെ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്ന് കുറേ നാളായി അപ്രത്യക്ഷമായിരുന്നു. ഇന്നലെ ആരോപണം ഉയർന്നപ്പോഴാണ് അത് വീണ്ടും അപ്‌ലോഡ് ചെയ്തത്." എല്ലാത്തിന്റെയും കസ്റ്റോഡിയൻ കോഴിക്കോട് കോർപ്പറേഷൻ ഇലക്ഷൻ ഡിപ്പാർട്ട്‌മെൻ്റാണ്. അവർ എന്ത് കൃത്രിമം കാണിക്കാനും മടിക്കില്ല. വോട്ടിന്റെ അടിസ്ഥാനം കൃത്രിമമായി നിർമ്മിച്ചതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടവകാശം ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ജോലിയാണ്. വിനുവിൻ്റെ ചുറ്റുവട്ടത്തുള്ള നാല് വീടുകളിൽ വോട്ട് ചേർത്തിട്ടും വിനുവിനെ ഒഴിവാക്കാൻ എന്താണ് കാരണം? വിനുവിൻ്റെ വീട്ടിൽ ഉദ്യോഗസ്ഥർ പോയോ, വിനുവിനെ കണ്ടോ? എന്നും പ്രവീൺ കുമാർ ചോദിച്ചു.

വീഴ്ച സംഭവിച്ചത് ഇലക്ഷൻ കമ്മീഷനും കോർപ്പറേഷൻ ഇലക്ഷൻ ഉദ്യോഗസ്ഥർക്കുമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് അവകാശപ്പെട്ടിരുന്നത് 2020-ൽ വിനുവും കുടുംബവും വോട്ട് ചെയ്തിരുന്നുവെന്നാണ്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുന്ന അന്തിമ തീരുമാനം സ്ഥാനാർത്ഥിക്ക് നിർണായകമാകും.

Related Stories

No stories found.
Times Kerala
timeskerala.com