കൊച്ചി: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് നടത്തിയ ഇടപെടലുകൾക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെൻ്റ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. (John Brittas is an MP with excellent intervention skills, says Chief Minister Pinarayi Vijayan)
"ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എം.പിയാണ്. നാടിൻ്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം," മുഖ്യമന്ത്രി വ്യക്തമാക്കി. സഭ സമ്മേളനത്തിന് മുമ്പ് പാർലമെൻ്റ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണെന്നും രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിൻ്റെ പ്രധാന ഭരണനേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ എണ്ണിപ്പറഞ്ഞു. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണം നാടിൻ്റെ വളർച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) മസാല ബോണ്ട് നോട്ടീസിനെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. "ഈ നോട്ടീസ് പരിഹാസ്യമാണ്," മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. "ആരോപണം രണ്ട് കയ്യുമുയർത്തി സ്വീകരിക്കും. കിഫ്ബി വഴി വികസനം ഞങ്ങൾ ചെയ്തതാണ്, എല്ലാം ചെയ്തത് ആർ.ബി.ഐയുടെ അനുമതിയോടെയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
വി.സി. നിയമന വിവാദത്തിൽ ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് മുൻഗണനാ ക്രമ പട്ടിക സർക്കാർ നൽകിയത്. എന്നാൽ ആ നിർദ്ദേശം ഗവർണർ ലംഘിക്കുകയാണ്. അത് എന്തിനെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പോലീസ് നടപടികൾ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലൈംഗിക വൈകൃത നടപികളാണ് രാഹുലിൽ നിന്ന് ഉണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ട വ്യക്തിയാണ്. ജയിലിൽ കിടന്ന എത്ര എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുലിനെതിരെ എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചം ഒരുക്കി. രാഹുലിനെ ഭാവിയുടെ വാഗ്ദാനമായി കോൺഗ്രസ് അവതരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. രാഹുലിനെ എതിർക്കുന്നവർക്കെതിരെ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി.
കൊച്ചിക്ക് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് കാരണം. വികസനം മാത്രമല്ല ജീവിത നിലവാരവും മെച്ചപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. വിശപ്പ് രഹിത നഗരമാണെന്നും, പാവപ്പെട്ടവർക്ക് ഫ്ലാറ്റ് നൽകിയെന്നും, റോഡ് വികസനം പ്രാവർത്തികമായി എന്നും, വെള്ളക്കെട്ടും മാലിന്യ പ്രശ്നങ്ങളും പരിഹരിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.