

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായ പീഡനക്കേസിൽ രണ്ടാം പ്രതി അടൂർ സ്വദേശി ജോബി ജോസഫിന് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
യുവതിയുടെ ആവശ്യപ്രകാരമാണ് താൻ ബംഗളൂരുവിൽ നിന്ന് മരുന്ന് എത്തിച്ചു നൽകിയതെന്നും, എന്നാൽ അത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലായിരുന്നുവെന്നും ജോബി കോടതിയിൽ ബോധിപ്പിച്ചു. യുവതിക്ക് അശാസ്ത്രീയമായ രീതിയിൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നൽകിയത് ജോബിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മരുന്ന് കഴിച്ചതിനെത്തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായതിന്റെ ചികിത്സാ രേഖകളും പോലീസ് കോടതിയിൽ ഹാജരാക്കി.
അന്വേഷണ സംഘത്തിന് നൽകിയ 20 പേജുള്ള മൊഴിയിൽ ഗൗരവകരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോളിലൂടെ മരുന്ന് കഴിക്കാൻ തന്നെ നിർബന്ധിച്ചുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നുമാണ് യുവതിയുടെ പരാതി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബിയെ കേസിൽ രണ്ടാം പ്രതിയാക്കിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ഗർഭഛിദ്രം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.