
കോഴിക്കോട് : മുക്കം ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് മൈതാനത്ത് പുഴവെള്ളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥിയെ ജുവലറി ജീവനക്കാർ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. പുഴവെള്ളത്തിൽ ചാടിയ വിദ്യാർഥിയുടെ കാലു മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടെത്തിയ തിരുവമ്പാടി സ്വദേശി മുഹമ്മദ് സാലിഹും എടവണ്ണപ്പാറ സ്വദേശി റാഷിദുമാണ് വിദ്യാർഥിയെ സാഹസികമായി രക്ഷിച്ചത്.
ജുവലറിയിലെ മാർക്കറ്റിങ് വിഭാഗം ജീവനക്കാരായ സാലിഹും റാഷിദും ഊണ് കഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് വിദ്യാർഥികളുടെ നിലവിളി കേൾക്കുന്നത്.