
പാലക്കാട്: സ്വകാര്യ ബ്രൂവറിക്ക് എലപ്പുള്ളിയില്‍ സർക്കാർ അനുമതി നൽകിയെങ്കിലും 6 കിലോമീറ്റർ അകലെയുള്ള സ്വന്തം മലബാര്‍ ഡിസ്റ്റിലറിയില്‍ പ്രതിസന്ധിയാണ്. വെള്ളമില്ലാതെ ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതി ആകെ കുഴപ്പത്തിലാണ്.(Jawan liquor manufacturing in trouble)
2009ലാണ് മേനോൻപാറയിലെ പൂട്ടിക്കിടന്ന ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി എറ്റെടുത്ത് മലബാര്‍ ഡിസ്റ്റിലറി സ്ഥാപിച്ചത്. 10 ലൈൻ ബോട്ടിലിംഗ് പ്ലാൻറ് തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും വർഷങ്ങളോളം ഒന്നും തന്നെ നടന്നില്ല.
അവസാനം കഴിഞ്ഞ വർഷമാണ് മലബാർ ഡിസ്റ്റലറീസില്‍ ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാൻ തീരുമാനമായത്. ബെവ്കോയ്ക്ക് 25 കോടി രൂപ അനുവദിക്കുകയും ചെയ്തു.
എന്നാൽ, പ്രദേശത്തെ കടുത്ത കുടിവെള്ള ക്ഷാമം തിരിച്ചടിയായിരിക്കുകയാണ്. പ്രതിദിനം 2 ലക്ഷം ലിറ്റർ വെള്ളവും മദ്യത്തിൻ്റെ ഉൽപ്പാദനത്തിനായി അനിവാര്യമാണ്.