

മലപ്പുറം: സംസ്ഥാനത്ത് ജപ്പാൻ ജ്വരം പടരുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ജൻവാക്' വാക്സിനേഷൻ ക്യാമ്പെയ്ൻ ജനുവരിയിൽ ആരംഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.(Japanese Encephalitis Vaccination in Malappuram and Kozhikode to begin in January)
ജനുവരിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ നടക്കും. മാർച്ചിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നൽകും. മലപ്പുറം ജില്ലയിൽ 15 വയസ്സിൽ താഴെയുള്ള 14.79 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ 11 മുതൽ 15 വയസ്സ് വരെയുള്ളവരാണ് ഭൂരിഭാഗവും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ 126 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 27 പേർ മരിച്ചു. ഈ വർഷം രോഗവ്യാപനം വളരെ കൂടുതലാണ്; 77 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആറ് പേർ മരണപ്പെട്ടു. 2021-ൽ റിപ്പോർട്ട് ചെയ്ത ഏക കേസും മരണത്തിൽ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കുന്നത്.
തലച്ചോറിനെ ബാധിക്കുന്ന ഈ മാരക വൈറസ് രോഗം ക്യുലക്സ് കൊതുകുകൾ വഴിയാണ് പകരുന്നത്. കടുത്ത പനി, തലവേദന, ഛർദി, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. രോഗം ബാധിക്കുന്നവരിൽ 30 ശതമാനത്തോളം പേർ മരിക്കാൻ സാധ്യതയുണ്ട്. രക്ഷപ്പെടുന്നവരിൽ പലർക്കും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ശാരീരിക-മാനസിക വൈകല്യങ്ങൾ ഉണ്ടായേക്കാം.