'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' വിവാദം: സിനിമാ സംഘടനകളുടെ സമരം ഇന്ന്, ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിപരിഗണിക്കും | Janaki Vs State of Kerala

സിനിമ കണ്ടശേഷമുള്ള റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനമടങ്ങിയ ഷോക്കോസ് നോട്ടീസ് ഇന്ന് കോടതിയിൽ ഹാജരാക്കാൻ നിർദേശം
JSK
Published on

കൊച്ചി: 'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന് സെന്‍സര്‍ ബോർഡ് സർട്ടിഫിക്കറ്റ് തടഞ്ഞതിനെതിരെ സിനിമാ സംഘടനകളുടെ സമരം ഇന്ന്. രാവിലെ പത്ത് മുതൽ തിരുവനന്തപുരം തിരുവല്ലം സിബിഎഫ്‍സി റീജിയണൽ ഓഫീസിന് മുന്നിലാണ് സമരം. ഫെഫ്ക നേതൃത്വം നൽകുന്ന സമരത്തിൽ താരസംഘടനയായ 'അമ്മ', നിർമാതാക്കളുടെ സംഘടന തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും. പ്രതിഷേധത്തെ പിന്തുണക്കുന്ന രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ളവരും സമരത്തിന്റെ ഭാഗമാകുമെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു.

കഥാപാത്രത്തിന്റെ പേരായ 'ജാനകി' എന്നത് സിനിമയുടെ പേരില്‍ നിന്ന് നീക്കണമെന്ന നിർദ്ദേശമായിരുന്നു സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടതായിരുന്നു.

അതേസമയം, ജെഎസ് കെയുടെ പ്രദർശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വെള്ളിയാഴ്ച നടന്ന വിശദവാദത്തിൽ, റിവൈസിംഗ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന മതപരമായ പേര് മാറ്റണമെന്നാണ് നിർദ്ദേശിക്കുന്നതെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. കൂടാതെ 16 വയസ്സിന് മുകളിലുള്ളവർക്ക് കാണാനുള്ള അനുമതി മാത്രമേ നൽകാൻ കഴിയൂവെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു.

'ജാനകി എന്ന പേര് മതപരമാണോ?' എന്നാണ് കോടതി ചോദിച്ചത്. സിനിമ കണ്ട ശേഷമുള്ള റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനമടങ്ങിയ ഷോക്കോസ് നോട്ടീസ് ഇന്ന് കോടതിയിൽ ഹാജരാക്കാനും സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com